ഈ ട്രിപ്പ് പോകാൻ പലതവണ ആഗ്രഹിച്ചതാണെങ്കിലും പല കാരണങ്ങളാലും മുടങ്ങിപ്പോവുകയാണുണ്ടായത്. ഇനിയും പർപ്പിൾ ഐലന്റിൽ പോകാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്നവിടം സന്ദർശിക്കണമെന്നാണ് എന്റെ ഒരു ഇത്. 😉
യാത്ര പ്ലാൻ ചെയ്തിട്ടും ഒരു മാസമായിട്ടും നടക്കാത്തതിന്റെ ഒരു നിരാശയുണ്ടായിരുന്നു 😒 അതൊക്കെ മാറ്റണമെന്നുറപ്പിച്ചുകൊണ്ടാണ് വ്യാഴം രാത്രി കണ്ണുകളടച്ചത്.
വെള്ളി പതിവുപോലെ പള്ളി കഴിഞ്ഞതെന്ന് ശേഷം റൂമിലെത്തി ഭക്ഷണത്തിനും ഒരു റൗണ്ട് 'സാൻഹോക്' പബ്‌ജിക്കും ശേഷം പെട്ടെന്ന് ചാടിയെണീറ്റു. ഇനിയും വൈകിയാൽ ഈ ട്രിപ്പ് ക്യാൻസൽ ആവുമെന്ന് ശരിയായറിയാവുന്ന അക്ബർ സാബിറും തിരക്ക് കൂട്ടി. ഷജൽ സ്വയം കോർഡിനേറ്ററായി. എല്ലാവരെയും തട്ടിക്കൂട്ടി പുറപ്പെട്ടപ്പോൾ സമയം ഏകദേശം ഉച്ചക്ക് 2.15 ആയിക്കാണും.
എല്ലാ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഐൻ ഖാലിദ് സൂഖ് പരിസരത്തുനിന്നുമായിരിക്കും എന്നുള്ളത് ഒരു അലിഖിത നിയമമാണ്. പറഞ്ഞു വന്നത് അവിടുന്ന് ഉന്നക്കായ കഴിച്ചാണ് യാത്രക്ക് ആരംഭം കുറിച്ചത്. ചിലർ ചായയും കുടിച്ചു. ഉച്ചയായതിനാലും അത്യാവശ്യം ചൂടും ഉള്ളതിനാലും തല്ക്കാലം ചായ വേണ്ടെന്ന് തീരുമാനിച്ചു.
-ഐൻ ഖാലിദ് ചായക്കട 'ബ്ലാക്ക് ഒലീവ്'-
ഇനി ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയാണ്. അതിനു മുമ്പ് പർപ്പിൾ ഐലൻഡ്നെ പറ്റി അല്പം: ഖത്തറിന്റെ വടക്ക് കിഴക്ക് തീരത്ത് അൽഖോറിലാണ് ഈ പർപ്പിൾ ഐലൻഡ് സ്ഥിതി ചെയ്യുന്നത്. ദോഹയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് അത്യന്തം മനോഹാരിത നിറഞ്ഞതും പ്രകൃതി സ്നേഹികളെ മാടി വിളിക്കുന്നതുമാണ്.
പർപ്പിൾ ഐലൻഡ് എന്ന് ഞാൻ കേൾക്കുന്നത് അക്ബർ സാബിറിൽ നിന്നാണ്. പുള്ളി അവിടെ മുമ്പ് പോയിട്ടുണ്ടത്രെ. എന്തായാലും ഞാനും തപ്പി ഗൂഗിളിൽ എന്തരാണീ പർപ്പിൾ ഐലൻഡ്???? 😳
പുരാതന ബാബിലോൺ സാമ്രാജ്യത്തിന്റെ അധഃപതനത്തിന് ശേഷം അന്നത്തെ ഈജിപ്തും മെസൊപ്പൊട്ടോമിയ അടക്കം ഭരിച്ചിരുന്ന 'കസൈറ്റ്സ്' എന്ന വർഗ്ഗം ബിസി 2000ൽ അവിടെ പർപ്പിൾ ഡൈ വ്യവസായം നിയന്ത്രിച്ചിരുന്നതിനാലാണീ ദ്വീപിന് അങ്ങനെ പേര് ലഭിക്കാൻ കാരണം. ഇത് വെങ്കല ശിലായുഗത്തിലാണെന്ന് സംശയിക്കുന്നു. അവ ഉണ്ടാക്കാൻ ഉപയോഗിച്ചെന്ന് കരുതുന്നത് ഒച്ചിൽ നിന്നാണ്. മില്യൺ കണക്കോളം ഒച്ചിന്റെ പുറന്തോടുകൾ അവിടെ പൊട്ടിച്ചിട്ടത് കാണാൻ സാധിക്കും. നഗ്ന പാദങ്ങളാൽ നടക്കുന്നത് അസഹ്യം വേദന സൃഷ്ടിക്കുമെന്നത് അനുഭവമേ ഗുരു. ബിസി രണ്ടായിരാമാണ്ടിലെ രാജ്യത്തെ ഏക പുരാവസ്തു സൈറ്റ് എന്ന ഖ്യാതിയും ഇതിനുണ്ടത്രേ (ഇങ്ങനെയൊക്കെ ഹിസ്റ്ററി ക്‌ളാസിൽ പഠിച്ചിരുന്നെങ്കിൽ ഇന്ന് എവിടെയോ എത്തിയേനെ 😝😎 )
ഇനി യാത്രയിലേക്ക് വരാം.... യാത്രക്കിടയിലെപ്പോഴോ മനസ്സ് നാട്ടിലേക്കൊന്ന് സഞ്ചരിച്ചു. നാടും വീടും മനസ്സിലേക്കെത്തിയാൽ പിന്നെ ഒരു വല്ലാത്ത ഫീൽ ആണ്. ആ ഫീലിൽ അങ്ങനെ ഇരിക്കുമ്പോഴാണ് പാതി ദൂരം പിന്നിട്ട വിവരം ഞാൻ അറിയുന്നത്. ഉണ്ണിക്ക് അസഹനീയമായ പല്ലുവേദന ഉണ്ടെന്ന് പറഞ്ഞു. അൽഖോറിൽ എത്തിയ ഉടനെ മെഡിക്കൽ ഷോപ്പിൽ കയറി ഗുളിക കഴിച്ചാണ് ഈസ (പഴയ പേരായിരുന്നു ഉണ്ണി) വേദന മാറ്റിയത്. 3.45 ആയപ്പോഴേക്കും ഞങ്ങൾ പർപ്പിൾ ഐലൻഡ് പാർക്കിങ്ങിൽ എത്തിയിരുന്നു.
-പർപ്പിൾ ഐലൻഡ് കവാടത്തിൽ നിന്നും-
ഇരു വശവും കണ്ടൽകാടുകളാൽ നിറഞ്ഞ് മദ്ധ്യത്തിലൂടെ കാൽ മുട്ടോളമെത്തുന്ന വെള്ളത്തിലൂടെ വളരെ ശ്രദ്ധിച്ചു പോകണമെന്നും വെള്ളത്തിലേക്കിറങ്ങുന്നതിനു മുമ്പേ ഷൂ അഴിച്ച് വെക്കണമെന്നും ടൂർ ഗൈഡ് അക്ബർ സാബിർ അറിയിച്ചു.
ഷൂ അഴിച്ചു പതിയെ വെള്ളത്തിലൂടെ നടക്കാൻ തുടങ്ങി. വെള്ളത്തിനാണേൽ അപാരമായ തണുപ്പും. ചെറിയ ചെറിയ കല്ലുകളുണ്ടായതിനാൽ വളരെ ശ്രദ്ധിച്ചു വേണം ഓരോ ചവിട്ടടിയും വെക്കാൻ. ' അടി തെറ്റിയാൽ ആനയും വീഴും' എന്നാണല്ലോ 😂. എല്ലാവരും വളരെ ശ്രദ്ധയോടെ നടക്കാൻ തുടങ്ങി. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വാക്കുകൾ കടമെടുത്ത് പറയട്ടെ... ഈ സീനുകൾ എന്റെ മനസ്സിനെ ഹഠാദാകർഷിച്ചു.
മനോഹരമായ ഈ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ഈ നടത്തം ചെന്നവസാനിക്കുന്നത് വിശാലമായ ദ്വീപിലേക്കാണ്. ഇടക്കിടക്ക് ചെറു കുന്നുകൾ. മനോഹരമായ കടൽ തീരം.
അക്ബർ സാബിർ ചെയ്ത ക്രൂരത ഒന്ന് മാത്രമാണ്. ഷൂ അഴിപ്പിച്ചു എന്നത്. പാദ രക്ഷകളില്ലാത്ത ഞങ്ങൾ ഏഴു പേർ (റിഫ്ക്കി ചപ്പലും ഇട്ട് വന്നിരിക്കുന്നു - ഭയങ്കരൻ ) തീകനലിൽ നടക്കുന്നത് പോലെ ചാടി ചാടി നടന്നു.
പിന്നെ ഇച്ചിരി ഫോട്ടോ സെഷൻ
സൂര്യൻ പതുക്കെ പടിഞ്ഞാറ് അസ്തമിക്കാൻ തുടങ്ങിയിരിക്കുന്നു. ദ്വീപ് ഇരുട്ട് വീണു തുടങ്ങുന്നു. പെട്ടെന്ന് തന്നെ ഫോട്ടോകൾ എടുത്തു. തണുത്ത കാറ്റ് നന്നായി വീശിത്തുടങ്ങിയിരിക്കുന്നു. മടങ്ങാൻ സമയമായിരിക്കുന്നു.
മുളങ്കാട്ടിലെ ചീവീടുകളെ പ്പോലെ ശിഹാബ് നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നു. അക്ബർ സാബിർ കുന്നിൻ ചെരുവിലൂടെ താഴേക്കിറങ്ങി കടൽ തീരത്തേക്ക് പോകുന്നു. ടൈറ്റാനിക്കിലെ ജാക്കിന്റെ ഏഴയലത്തുപോലും വരില്ലെങ്കിലും കൈ വിടർത്തി സാബിർ അറേബ്യൻ ഗൾഫ് കടലിന്റെ തണുത്ത കാറ്റ് ആസ്വദിച്ച് നിന്നു. അപൂർവ നിമിഷങ്ങളെ ആസ്വദിച്ചു നിസാറും റിഫ്ക്കി ഹുസൈനും തമ്മിൽ എന്തോ സംസാരിക്കുന്നു. പല പോസുകളിലും മാറി മാറി ഫോട്ടോ എടുക്കാൻ ശിഹാബ് തിരക്ക് കൂട്ടുന്നു. തണുപ്പകറ്റാൻ ജാക്കറ്റുമിട്ട് ഫോട്ടോയുമെടുത്ത് ഷജലും അവരോടൊപ്പം ആസ്വദിക്കുന്നു. പല്ലുവേദനയായതിനാലാവാം ഈസ നിസ്സംഗ ഭാവത്തോടെ പടിഞ്ഞാറൻ ചക്രവാളത്തിൽ ഇമവെട്ടാതെ നോക്കിയിരിക്കുന്നു.
സൂര്യൻ പൂർണമായും അസ്തമിച്ചു കഴിഞ്ഞു. ഇനി തിരിച്ചു നടത്തമാണ്. പതിയെ.... വളരെ സന്തോഷത്തോടെ.. കണ്ടൽക്കാടുകൾക്കിടയിലൂടെ... വെള്ളത്തിലൂടെ.... ശ്രദ്ധയോടെ മുന്നോട്ട്...
വളരെ ഹൃദയ ഹാരിയായിരുന്ന ഈ യാത്ര കഴിഞ്ഞപ്പോൾ തോന്നിയത് കുറച്ചു കൂടെ നേരത്തെ അവിടെ എത്തേണ്ടതായിരുന്നു എന്ന് മാത്രമാണ്.
യാത്രകൾ ഒരുപാട് അനുഭവസമ്പത്ത് നല്കുമെന്നതിൽ സംശയമില്ല. യാത്രകൾ തുടങ്ങാനാണ് പ്രയാസം, തുടങ്ങിയാൽ അത്യന്തം സന്തോഷകരവും അതിലേറെ അനുഭൂതിയുമാണ്.
ഈ യാത്രയെ മനോഹരമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കട്ടെ...
യാത്രകൾ അവസാനിക്കുന്നില്ല...

0 comments:
Post a Comment