മൂന്നാഴ്ച മുമ്പെയാണ്
സിക്രീത്തിനെ പറ്റി ആദ്യമായി കേൾക്കുന്നതും അവിടെ പോകണമെന്ന് തീരുമാനിക്കുന്നതും.
രണ്ടാഴ്ച കഴിഞ്ഞു പോയെങ്കിലും സമയം കിട്ടിയില്ല. ഒടുവിൽ കഴിഞ്ഞ വെള്ളി സിക്രീത്
ട്രിപ്പ് പ്ലാൻ ചെയ്തു.
ഉച്ച കഴിഞ്ഞു രണ്ടു
മണിക്കാണ് പോകാൻ പ്ലാൻ ചെയ്തതെങ്കിലും താമസിച്ചാണ് പുറപ്പെട്ടത്. ഇരുട്ട് വീഴും
മുമ്പ് പരമാവധി ദൃശ്യങ്ങൾ പകർത്താൻ ആഗ്രഹമുള്ളതിനാലാവാം വൈകി വരുന്നവരോട് സ്വല്പം
ദേഷ്യം തോന്നി 😬😬. ഈ യാത്രയിൽ കട്ട സപ്പോർട്ടുമായി ✌നമ്മുടെ തസ്‌നീംക്ക ഉള്ളതാണ് ഈ
യാത്രയുടെ ഹൈലൈറ്റും ആവേശവും.
അരമണിക്കൂറിലേറെ വൈകിയാണ് യാത്രയാരംഭിച്ചത്. തുടക്കത്തിൽ തന്നെ സിഗ്നലുകളിൽ
പെട്ട് സമയം പോയതും റോഡ് പണി നടക്കുന്നതിനാലുള്ള താമസവും എന്നിൽ നീരസമുളവാക്കി.
നൂറു കിലോമീറ്ററോളം ദൂരം വരുന്ന യാത്രയിൽ നിഗൂഡ ഗ്രാമവും (മിസ്റ്ററി വില്ലേജ്)
അതിനോടടുത്തുള്ള ഫിലിം സിറ്റിയും പിന്നെ കടൽത്തീരവുമാണ് സിക്രീത്തിൽ ഞങ്ങൾ പ്ലാൻ
ചെയ്തത്.
ശഹാനിയ്യ വഴി ദുഖാൻ റോഡിലൂടെ അക്ബർ സാബിർ തന്റെ രഥം ആവും വേഗത്തിൽ
തെളിച്ചുകൊണ്ടേയിരുന്നു.
ദുഖാൻ എത്തുന്നതിനു മുമ്പേ
സിക്രീത് എന്ന ബോഡ് കാണുന്ന വഴി വലത്തോട്ട് കയറി അല്പം പോയാൽ കൈവിരലിലെണ്ണാവുന്ന
വീടുകളുടെ അടുത്ത് ടാറിട്ട റോഡ് സമാപിക്കുന്നു.
ഇവിടെ നിന്നും ഓഫ് റോഡ് യാത്രയാണ്.
ഇനി അനന്തമായ മരുഭൂയിലൂടെയുള്ള സാഹസിക യാത്രയാണ്.
ഓഫ് റോഡിലൂടെ യാത്ര ചെയ്യാൻ
പിക്കപ്പാണ് എന്നുള്ളതിനാൽ അക്ബർ സാബിർ തെളിയിച്ചിരുന്നു രഥം 'കൊറോള' അവിടെ
പാർക്ക് ചെയ്‌തതിന്ന് ശേഷം സാബിറിന്റെ വാഹനത്തിൽ കയറി. എട്ടു പേരിൽ നാലു പേരും
പിന്നിലെ ക്യാരിയറിലാണ് കയറിയത്. സാബിർ
പതുക്കെ വാഹനമോടിച്ചു തുടങ്ങിയിരിക്കുന്നു...
സിക്രീത്തിന്റെ മനോഹാരിത
ആകർഷിച്ചെത്തിയ ഒരു പറ്റം മലയാളി സാഹസികരിതാ വരുന്നൂ.... സ്വീകരിച്ചാലും ..... 🙏
സിക്രീത്തിനെ പറ്റി അല്പം ചരിത്രം
ദുഖാൻ പട്ടണത്തോട് ചേർന്നതും
ശഹാനിയ്യ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന സിക്രീത് എന്ന കൊച്ചു ഗ്രാമം ദോഹയിൽ
നിന്ന് ഏകദേശം 90-95 കിലോമീറ്റർ
വടക്ക് പടിഞ്ഞാർ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
വളരെ കുറച്ചു പേർ മാത്രം താമസിക്കുന്ന
ഈ പ്രദേശം 1940ൽ എണ്ണ ഖനനം
തുടങ്ങിയപ്പോഴാണ് നിർമ്മിക്കപ്പെട്ടത് എന്ന് കരുതുന്നു. അതിനുമുമ്പ്
പതിനെട്ടാം നൂറ്റാണ്ടിലോ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആണ് അവിടെ ആളുകൾ
താമസം തുടങ്ങിയത്. ഈ പ്രവിശ്യയെ പറ്റിയുള്ള ചരിത്രം ഇംഗ്ലീഷ് ഭാഷയിൽ ദുർലഭമാണെന്ന്
വിക്കിപീഡിയയിൽ കാണാം. എങ്കിലും ചരിത്രകാരനും ബ്രിട്ടീഷ് നയതന്ത്രജ്ഞനുമായ ജോൺ ഗോർഡൻ
ലോറിമേർ,
പേർഷ്യൻ ഗൾഫിന്റെ ഭൂമിശാസ്ത്രത്തെ പറ്റി എഴുതി പേർഷ്യയിലും അറേബ്യൻ
ഉപദീപിലും നയതന്ത്രജ്ഞരായുള്ള ബ്രിട്ടീഷുകാർക്ക് കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ച GAZETTEER OF THE PERSIAN GULF, OMAN AND CENTRAL ARABIC എന്ന അഖില വിജ്ഞാന കോശത്തിൽ അദ്ദേഹം ഒരു കോട്ടയെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
(ജോൺ ഗോർഡൻ ലോറിമേർ)
(GAZETTEER OF THE PERSIAN GULF, OMAN AND CENTRAL ARABIC)
റഹ്മ ബിൻ ജാബിർ എന്ന കടൽക്കൊള്ളക്കാരൻ ആണ് ആ കോട്ട നിർമിച്ചതെന്ന് കരുതപ്പെടുന്നു. ആയിരത്തി എണ്ണൂറുകളുടെ ആദ്യത്തിൽ സുബാറ പട്ടണം കൊള്ളയടിക്കപ്പെട്ട അതെ കാലയളവിലാണ് ഈ ഗ്രാമവും ഉപേക്ഷിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. പുരാവസ്തു പഠനവുമായി ബന്ധപ്പെട്ട്
1973-1974
ലാണ് സിക്രീത് ആദ്യമായി കുഴിക്കുന്നത്. ആ സമയത്താണ് സിക്രീത്
കോട്ട കണ്ടെത്തുന്നതും. ഈ സംഘത്തെ നയിച്ചിരുന്നത് ബിട്രീസ് എന്ന ലോക പ്രശസ്ത പുരാവസ്തു
ഗവേഷകയായിരുന്നു.
ഫിലിം സിറ്റിയാണ് ആദ്യത്തെ അട്ട്രാക്ഷൻ:
ഏകദേശം 13 കിലോമീറ്ററോളം ഉണ്ട് ഓഫ് റോഡ് യാത്ര അങ്ങോട്ട്. ഓഫ് റോഡ് എന്നാൽ
മണലിലൂടെ അല്ല. മറിച്ച് അത്യാവശ്യം ഉറച്ച മണ്ണാണ്. അത് കൊണ്ടാണ് ഇങ്ങോട്ടെത്താൻ ഫോർ
വീൽ വാഹനങ്ങളുടെ ആവശ്യമില്ലാത്തതും. (എന്നാലും ഫോർവീൽ ശുപാർശ ചെയ്യുന്നു) ഗൂഗിൾ മാപ്
വഴി കാണിക്കാത്തിടത്ത് waze കൃത്യമായി
വഴി കാണിച്ചു തന്നു.
വെള്ളപ്പൊക്കമോ മറ്റോ
വന്ന് ഒലിച്ചു പോയ പോലെ സിക്രീത്തിലെ മൺ തിട്ടകൾ അങ്ങകലെ പ്രത്യക്ഷമാവാൻ തുടങ്ങി. ആ
കാഴ്ച നിങ്ങളെ അതിശയിപ്പിക്കുമെന്നതിൽ 😲എനിക്ക് സംശയമില്ല. കുതിരപ്പുറത്തേറിയ കൊച്ചു
കുട്ടികളെപ്പോലെ ശിഹാബ് വാഹനത്തിന്റെ പിറകിൽ നിന്ന് ഇച്ചിരി ശബ്ദത്തോടെ കാഴ്ചകൾ നോക്കിക്കാണുന്നുണ്ടായിരുന്നു.
മനോഹാരിതയാർന്ന സിക്രീത്തിന്റെ ലാൻഡ്സ്കേപ് ക്യാമറിയിൽ പകർത്താൻ ഇച്ചിരി കഷ്ടപ്പെട്ടാണെങ്കിലും
വണ്ടിയുടെ പിൻവശത്ത് അള്ളിപ്പിടിച്ചിരുന്നു. ഒഴിഞ്ഞ മരുഭൂമി കിട്ടിയതിന്റെ സന്തോഷത്തിലാവണം
സാബിറിന്റെ കാലുകൾ ആക്‌സിലേറ്ററിൽ അമർന്നു തന്നെ നിന്നു.
ലെക്സസും ലാൻഡ് ക്രൂയിസറുമൊക്കെ
പൊടിപറത്തി ഗമയിലങ്ങനെ ഞങ്ങളെ കടന്നു പോയി.
കടൽ തീരമായാതിനാലാവാം കാറ്റിന് നല്ല തണുപ്പ് തോന്നിച്ചു. എട്ട് കിലോമീറ്ററോളം
(ഏകദേശം) സഞ്ചരിച്ചാൽ ഒരു ഗെയിറ്റ് കാണാം. കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്യുന്നു എന്നുള്ള
ബോഡും കാണാം.
ഗെയ്റ്റിന് മറുവശത്ത് ഒരു മാന്യൻ
എങ്ങോട്ടെന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഫിലിം സിറ്റി എന്ന് പറഞ്ഞപ്പോൾ 'ദാ ഇതിലെ' എന്ന്
ചേട്ടൻ. അതും മലയാളി 😌 (മലയാളികൾ ഇല്ലാത്ത സ്ഥലമുണ്ടോ
ഈ ലോകത്ത്?)
പതുക്കെ ഗെയിറ്റ് കടന്ന് മുന്നോട്ട്
പോകുമ്പോൾ പിന്നെ ഇരു വശത്തും ഈ തിട്ടകളാണ്. അതിമനോഹരമായ ദൃശ്യങ്ങൾ ക്യാമറയിൽ ഞാൻ പകർത്തിക്കൊണ്ടേയിരുന്നു.
കാഴ്ചകൾ കാണാൻ അധികപേരും വാഹനത്തിന്റെ പിറകിൽ കയറി. താമസിയാതെ ഫിലിം സിറ്റി അങ്ങ് ദൂരെ
കാണാൻ തുടങ്ങി.
പാം മരങ്ങളാൽ ചുറ്റപ്പെട്ട ഈ കൃത്രിമ കോട്ട അതി മനോഹരമാണ്. കോട്ടക്ക്
അടുത്തെത്താനായപ്പോൾ ഒരു oryx വേഗതയോടെ ഓടുന്നത് കണ്ടു.
(ഖത്തർ എയർ വേയ്സ് വിമാനങ്ങളുടെ വാലിൽ ഇതിന്റെ രൂപമാണ് വരച്ചിട്ടുള്ളത്, യു.എ.ഇ യുടെ ദേശീയ മൃഗവുമാണിത്)
ഫിലിം സിറ്റി എത്തിയപ്പോഴേക്കും
എല്ലാവരും ചാടിയിറങ്ങി. അറബിക് ടിവി സീരിയലിനായി
നിർമിച്ചതാണിത്. വളരെ മനോഹരമായ രീതിയിൽ പുരാതനകാലത്തെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നു.
ഈ (https://www.youtube.com/watch?v=r2KTiZXBklE) ടിവി സീരിയലിനാണ് ആരോരുമില്ലാത്ത ആ മണൽക്കാട്ടിൽ ഫിലിം സിറ്റി നിർമിച്ചത്. പിന്നെ പതിവുപോലെ ഫോട്ടോ സെഷൻ.
(ഭ്രൂഖ് എന്നും സിക്രീതിന് വിളിപ്പേരുണ്ട് )
(മരുഭൂമിയിലെ സ്‌നൂക്കർ മാസ്റ്റർ )
(മെയ്‌വഴക്കത്തിന്റെ പര്യായം ) 🏃
ഫിലിം സിറ്റി എല്ലാം ചുറ്റികണ്ടു. സിക്രീത്തിന്റെ ഈ ഭാഗങ്ങൾ അൽറീം എന്ന യുനെസ്കോ ജൈവ
മണ്ഡല സംവരണ മേഖലയാണ്. മദ്യപാനം, വേട്ട, ചെടി പറിക്കൽ എന്നിവ നിരോധിച്ചിട്ടുണ്ടത്രെ...
സൂര്യൻ ചെഞ്ചായമണിഞ്ഞു കഴിഞ്ഞു.
ഇനി മിസ്റ്ററി വില്ലേജിലേക്ക്:
തകർന്നടിഞ്ഞ കോട്ടകൾ പുനർനിർമിച്ചതാണ് ഇവിടെയുള്ള
കെട്ടുകൾ എന്ന് പറയപ്പെടുന്നു. അതിമനോഹരവും പുരാവസ്തു ഗവേഷകരുടെ ഇഷ്ടയിടവുമാണ് ഈ നിഗൂഢ
ഗ്രാമം. എന്തൊകൊണ്ടാണ് ഈ ഗ്രാമത്തിന് നിഗൂഢ ഗ്രാമം എന്ന് പേര് ലഭിച്ചതെന്നോ എങ്ങനെയാണ്
ഇത് തകർന്ന് പോയതെന്നോ എനിക്കിനിയും മനസ്സിലായിട്ടില്ല 😞
സൂര്യൻ അസ്തമിച്ചിരിക്കുന്നു.
ചുറ്റും ഇരുട്ട് പടരുകയാണ്. ഈ നിഗൂഢ ഗ്രാമത്തിൽ ഇനിയും നിൽക്കുന്നത് നല്ലതല്ലെന്ന്
തോന്നി. ബീച്ചിലേക്ക് പോകാനിറങ്ങി. ബഹ്‌റൈൻ
ദ്വീപായ ഹവാർ ഐലൻഡ് ഖത്തർ തീരത്തു നിന്ന് നോക്കിയാൽ കാണാൻ സാധിക്കും. തൂവെള്ള മണലുള്ള
ബീച്ചിൽ അവധിക്കാലം ആഘോഷിക്കാനായിരിക്കണം ഫാമിലികൾ തമ്പടിച്ചിട്ടുണ്ട്. ഇരുട്ട് നന്നായി
പടർന്നിരിക്കുന്നു. നല്ല തണുത്ത കാറ്റും. ഇനി
ദോഹയിലേക്ക് തിരിക്കാം എന്ന് തീരുമാനമായി.
എല്ലാവര്ക്കും വാഹനത്തിനുള്ളിൽ ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ വൈകിയെത്തിയ ഷജലും
നിസാറും നവാബും പിന്നിലിരിക്കേണ്ടി വന്നു. തണുത്തിട്ടായിരിക്കണം അവരുടെ മുഖത്ത് പുഞ്ചിരി
കണ്ടില്ല. നവാബിനെ പിന്നിലിരുത്തിയതിന്റെ ആവേശമായിരിക്കണം ശിഹാബ് ഇടക്കിടക്ക് ചിരിച്ചു
കൊണ്ടേയിരുന്നു.
ഏതൊരു കഥക്കും ട്വിസ്റ്റ് ഉണ്ടാകുമെന്ന
സലിം കുമാറിന്റെ വാക്കുകൾ ഓർമയില്ലേ. (മനോഹരം മംഗളോദയം) അതുപോലെ ഒരു അപാര ട്വിസ്റ്റ്
ഇവിടെ നടന്നു. നേരത്തെ ഗെയ്റ്റ് കടന്നു എന്ന്
സൂചിപ്പിച്ചതോർമ്മയില്ലേ... അതുവഴി മടങ്ങുകയാണ്. ഗെയ്റ്റിലുള്ള മലയാളി തണുപ്പ് സഹിക്കാത്തതിനാലാവാം
അദ്ദേഹത്തിന്റെ വാഹനത്തിനുള്ളിരിക്കുന്നു. ഞങ്ങളുടെ ഈ ട്രിപ്പിന്റെ സന്തോഷം ഹോണടിച്ചറിയിച്ച്
സാബിർ വലതുഭാഗത്തുകൂടെ വാഹനം എടുത്തു. നിർഭാഗ്യകരമെന്ന് പറയട്ടെ വണ്ടിയുടെ പിറകിലെ
ടയറുകൾ രണ്ടും മണലിൽ താഴ്ന്നു. ഫോർ വീൽ ഡ്രൈവുള്ള വാഹനങ്ങൾ വരെ മണലിൽ താഴ്ന്നാൽ കരകയറാനുള്ള
പാട് നന്നായറിയാവുന്ന എനിക്ക് ഇത് കണ്ടപ്പോൾ അൽപ നേരമെങ്കിലും നിരാശ തോന്നി. ഒത്തുപിടിച്ചാൽ
മലയും പോരും എന്ന വാക്യം പോലെ റിവേഴ്‌സ് ഗിയറിൽ പിന്നിലോട്ട് ആഞ്ഞു തള്ളിയപ്പോൾ പതുക്കെ
മണലിൽ നിന്നും കര കയറി. ട്വിസ്റ്റ് എന്തെന്നാൽ നേരത്തെ വണ്ടിയുടെ പിറകിലുണ്ടായിരുന്ന
നവാബും ഷജലും ഉള്ളിൽ കയറുകയും ഞാനും ഷിഹാബും
നിസാർ സഖാഫിയും പുറത്തായി.
തികഞ്ഞ പാടവമുള്ളവനെന്നു തോന്നിക്കും
പോലെ സാബിർ സിക്രീത്തിന്റെ അഗാധമായ ഇരുട്ടിലൂടെ വാഹനമോടിച്ചുകൊണ്ടിരുന്നു. തണുത്ത കാറ്റ്
ശക്തിയായി മുഖത്തടിക്കുന്നതിനാൽ കുനിഞ്ഞു നിന്നു. നവാബിനെ നേരത്തെ പിന്നിലിരുത്തിയതിന്റെ
ആ ചിരിയൊന്നും അപ്പോൾ ശിഹാബിന്റെ മുഖത്തു കണ്ടില്ല. ഏറെ ദൂരം സഞ്ചരിച്ചിരിക്കണം. വഴി
തെറ്റിയോ എന്നൊരു സംശയം. നേരത്തെ അക്ബർക്ക പാർക്ക് ചെയ്ത കാർ ലക്ഷ്യമാക്കിയാണ് യാത്ര.
പക്ഷെ എവിടെ പാളിയോ എന്നൊരു സംശയം. സംശയം യാഥാർഥ്യമായി. വഴി തെറ്റിയിട്ടുണ്ട്. പുറം
കടലിൽ ദിക്കറിയാതെ തിരമാലകളിൽ ചാഞ്ചാടുന്ന പായ്ക്കപ്പലിലെ സഞ്ചാരികളെപ്പോലെ അനന്തമായ
മരുഭൂമിയിൽകൂടെ സാബിറിന്റെ വാഹനം ദിക്കറിയാതെ നീങ്ങി.
കുറെ സഞ്ചരിച്ചപ്പോൾ ദൂരെ വരിവരിയായി നിൽക്കുന്ന വിളക്കുമരങ്ങൾ അതൊരു റോഡാണെന്ന് തെളിയിച്ചു. സാബിർ അങ്ങോട്ട് വാഹനമോടിച്ചു. ചെന്നെത്തിയത് ദോഹ-ദുഖാൻ ഹൈവേയുടെ ഓരത്ത്. ഒട്ടകങ്ങൾ മുറിച്ചു കടക്കാനുള്ള അണ്ടർ പാസ് വഴി മറുഭാഗം കടന്ന് ആദ്യം വന്ന വഴിയിലൂടെ മുന്നോട്ട് കുതിച്ചു. അക്ബർ സാബിറിന്റെ വാഹനത്തിനടുത്ത് എത്തണം. പോവുന്ന വഴി ചെറിയൊരു സൂഖ് കഴിഞ്ഞു പോയി. വാഹനത്തിന്റെ പിന്നിൽ ഞങ്ങൾ അള്ളിപ്പിടിച്ചിരുന്നു. ഫ്ലൈ ഓവർ കയറുന്ന സമയത്ത് അടുത്ത ട്വിസ്റ്റ്.
(തിരകളിൽ പെട്ട് ദിക്കറിയാതെ ചാഞ്ചാടുന്ന പായ്ക്കപ്പൽ - ചിത്രകാരന്റെ ഭാവനയിൽ )
കുറെ സഞ്ചരിച്ചപ്പോൾ ദൂരെ വരിവരിയായി നിൽക്കുന്ന വിളക്കുമരങ്ങൾ അതൊരു റോഡാണെന്ന് തെളിയിച്ചു. സാബിർ അങ്ങോട്ട് വാഹനമോടിച്ചു. ചെന്നെത്തിയത് ദോഹ-ദുഖാൻ ഹൈവേയുടെ ഓരത്ത്. ഒട്ടകങ്ങൾ മുറിച്ചു കടക്കാനുള്ള അണ്ടർ പാസ് വഴി മറുഭാഗം കടന്ന് ആദ്യം വന്ന വഴിയിലൂടെ മുന്നോട്ട് കുതിച്ചു. അക്ബർ സാബിറിന്റെ വാഹനത്തിനടുത്ത് എത്തണം. പോവുന്ന വഴി ചെറിയൊരു സൂഖ് കഴിഞ്ഞു പോയി. വാഹനത്തിന്റെ പിന്നിൽ ഞങ്ങൾ അള്ളിപ്പിടിച്ചിരുന്നു. ഫ്ലൈ ഓവർ കയറുന്ന സമയത്ത് അടുത്ത ട്വിസ്റ്റ്.
എതിരെ വന്ന പോലീസ് വാഹനം കൃത്യമായി
ഞങ്ങളെ കാണുകയും നിർത്താനായി ഹോണടിക്കുകയും ചെയ്തു. വാഹനത്തിന്റെ പുറത്തിരുന്നുള്ള
യാത്രയുടെ ദൂഷ്യ ഫലങ്ങൾ ആലോചിക്കുന്നതിനു മുമ്പേ പോലീസ് വാഹനത്തിൽ നിന്നും പോലീസ് ചാടിയിറങ്ങി.
സ്ഫുടതയോടെ ഇംഗ്ളീഷ് സംസാരിച്ച ഓഫീസർ എന്തിനാണ് വാഹനത്തിന്റെ പിറകിൽ കയറിയതെന്ന് ചോദിച്ചു. വഴി തെറ്റിയതാണെന്നും വാഹനം പാർക്ക് ചെയ്ത സ്ഥലത്തേക്ക്
തിരിച്ചു പോവുകയാണെന്നും പറഞ്ഞെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെ എല്ലാവരുടെയും ഐഡി
വാങ്ങി. വാഹനത്തിൽ നിന്ന് ആരും ഇറങ്ങരുത് എന്നും പറഞ്ഞു. വയർലെസ്സ് റേഡിയോ വഴി ഐഡി
ഓരോന്നോരോന്നായി ചെക്ക് ചെയ്യുന്നതായി കണ്ടു.
അഞ്ചെട്ടു മിനിറ്റ് ആയിക്കാണും എല്ലാ ഐഡി യും തിരിച്ചു നൽകി. തിരിച്ചു നൽകുമ്പോൾ
പിന്നിലുള്ള ഓരോരുത്തർക്കും പിന്നെ ഡ്രൈവർക്കും രണ്ടായിരം റിയാൽ ഫൈൻ ഉണ്ടെന്ന് പറഞ്ഞു.
അപ്പഴാണ് ഷിഹാബിന് ട്വിസ്റ്റിന്റെ റേഞ്ച് മനസ്സിലായത് 😂😂😂. പിന്നീടങ്ങോട്ട് ഇരക്കലായിരുന്നു.
സാർ,
മുദീർ എന്നൊക്കെ പറഞ്ഞു ശിഹാബ് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. അപ്പഴേക്കും അവിടെ റോന്ത് ചുറ്റുന്ന വേറൊരു പോലീസ്
വാഹനം വരികയും അയാളും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അപ്പഴാണ് ആദ്യം വന്ന ഓഫീസർ
ഷജലിനോട് ഹിന്ദി സംസാരിക്കുന്നത് കേട്ടത്.
നല്ല ഫ്ലുവൻസി ഉണ്ടായിരുന്നു. ഷജൽ തിരിച്ചും ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്നു.
അപ്പുറത്ത് സഖാഫി അറബിയിലും സംസാരിക്കുന്നു. അവസാനം പിഴയിലൊന്നുമില്ലെന്ന് പറഞ്ഞു പൊക്കോളാൻ
പറഞ്ഞു. ജീവൻ കിട്ടിയ പാതി കിട്ടാത്ത പാതി അവിടെ നിന്ന് പെട്ടെന്ന് സ്ഥലം കാലിയാക്കി. അക്ബർ സാബിറിന്റെ കാറിൽ ദോഹ ലക്ഷ്യമാക്കി പിടിച്ചു.
നന്നായി ക്ഷീണം തോന്നി. eat & talk ൽ സ്റ്റാർട്ടർ ഹോട്ട് ആൻഡ് സോർ സൂപ്പ് 🍲കഴിച്ചപ്പോൾ ഒരു ഉന്മേഷം
തോന്നി. ലൈറ്റായി ഡിന്നറും കഴിച്ചു പതിയെ റൂമിലോട്ട്. യാത്രയിലെ പുതുമുഖമായ തെസ്‌നിക്കയോട്
എങ്ങനെയുണ്ടായിരുന്നു യാത്രയെന്ന് ചോദിച്ചപ്പോൾ ''അതി മനോഹരം, ഇങ്ങനെയൊരു ട്രിപ്പ് ആദ്യമാണ്'' എന്നായിരുന്നു മറുപടി.
ക്ഷീണത്തോടെ പുതപ്പിനിടയിലേക്ക്
വലിഞ്ഞപ്പോഴും ഓർമയിൽ തങ്ങിനിന്നത് പോലീസുകാരന്റെ സേഫ്റ്റി ക്‌ളാസും ഫൈൻ അടക്കേണ്ടി
വരുമോ എന്നുള്ള ആശങ്കയുമായിരുന്നു.
ഫൈൻ വരാതിരിക്കട്ടെ എന്ന് മനസ്സിൽ
പറഞ്ഞു പതിയെ കണ്ണുകളടച്ചു.
(അടിച്ചു മോനെ, ട്വിസ്റ്റ് 😈😈😈)


0 comments:
Post a Comment