04 December 2018

മുസ്‌ഫിർ സിങ്ക് ഹോൾ; അത്യപൂർവങ്ങളിൽ ഒന്ന്

10:16 PM Posted by ddd No comments


പതിവ് വെള്ളിയാഴ്ച പോലെ ഈ വെള്ളിയും കൂടി കടന്നു പോവുകയാണ്. പ്രവാസത്തിൽ കിട്ടുന്ന വെള്ളികൾ ചിലപ്പോൾ പെരുന്നാളിൻ പ്രതീതി സൃഷ്ടിക്കാറുണ്ട്. ഉച്ച ഭക്ഷണം (ബിരിയാണി) വയർ ഫുള്ളാക്കി അടിച്ച് മയക്കത്തിനായി ബെഡിൽ തല ചായ്ക്കാനൊരുങ്ങുമ്പോഴാണ് സഹ മുറിയൻ അക്ബർക്കയുടെ ചോദ്യം, ഖത്തറിൽ ഒരു ഗുഹയുണ്ട് കാണാൻ പോരുന്നോ എന്ന്. ചോദിക്കേണ്ട താമസമേ ഉള്ളൂ ഞാൻ റെഡി. കൃത്യം രണ്ടു മണിക്ക് ഇറങ്ങാം എന്ന് തീരുമാനമായി. 

രണ്ടര മണിയായപ്പോഴേക്കും പുള്ളി വാഹനവുമായി തയ്യാറായി നിന്നു. സൂത്രധാരൻ സാബിർ പാറക്കലിന്റെ മേൽ നോട്ടത്തിൽ യാത്ര സ്പോൺസർ ചെയ്ത ഷിഹാബും പിന്നെ ഉണ്ണിയും ഞാനും അക്ബർക്കയും സൽവ റോഡ് വഴി യാത്ര തിരിച്ചു. 

അപ്രതീക്ഷിത ഫോട്ടോ ആയതുകൊണ്ട് ശിഹാബ് ഫ്രയിമിന് പുറത്ത് 


ഹെഡ് സ്റ്റാർട്ടിന് വേണ്ടി പഴയ ഈജിപ്ത് വില്ലേജ് (ഇപ്പോൾ ബ്ലാക്ക് ഒലീവ്) നിന്നും സമാവർ ചായയും ആയതോട് കൂടെ യാത്രക്ക് ഹരം കയറി. പഴം പൊരി പ്രതീക്ഷിച്ചെത്തിയ ഷിഹാബിന് അത് കിട്ടാത്തതിൽ അമർഷം രേഖപ്പെടുത്തി. 😠😠
ഏകദേശം ഐൻ ഖാലിദിൽ നിന്നും 32 കിലോമീറ്ററോളം ദൂരമുള്ള സ്ഥലമാണ് മുസഫിർ സിങ്ക് ഹോൾ. സൽവ റോഡിൽ നിന്നും എക്സിറ്റ് 29 (അക്വ പാർക്കിനെതിര് വശം) ൽ കയറി രണ്ടാം റൗണ്ടബൗട്ടിൽ നിന്ന് ഇടത് കയറിയാൽ പിന്നെ നിങ്ങളെ വെൽക്കം ചെയ്യുന്നത് ഓഫ് റോഡായിരിക്കും. ഫോർ വീൽ ഡ്രൈവ് ഉള്ള വാഹനങ്ങൾ ഇങ്ങോട്ടെത്താൻ ആവശ്യമില്ലെന്നുള്ളതാണ് സന്ദർശകർരെ ആകർഷിക്കുന്ന ഘടകങ്ങളിൽ മുഖ്യം.
ഓഫ് റോഡിലൂടെ അൽപനേരം സഞ്ചരിച്ചാൽ എത്താവുന്നതേയുള്ളൂ... വഴിയിൽ ഒട്ടകങ്ങൾ മേഞ്ഞു നടക്കുന്നു. അറബികളുടെ ടെന്റുകൾ അങ്ങിങ്ങായി കാണുന്നു. ഫാമുകളും കാണാം. പോകുന്ന വഴിയിൽ ഫോട്ടോ പകർത്താനായി കിട്ടിയ അവസരങ്ങൾ ഉപയോഗിച്ചു. 



ഒറ്റയാൻ ഒട്ടകം 




ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ വീടിന് സമീപം (ഫോട്ടോ :ശിഹാബ്)


വൈകാതെ പ്രശസ്തമായ മുസഫിർ സിങ്ക് ഹോളിൽ എത്തിച്ചേർന്നു.
അല്പം വിവരങ്ങൾ
എന്താണ് സിങ്ക് ഹോൾ?
ഭൂമിയുടെ ബാഹ്യ പാളികൾ തകർന്ന് താഴ്ന്ന് പോയി ഉണ്ടാകുന്ന ഗർത്തത്തെയാണ് സിങ്ക് ഹോൾ എന്ന് വിളിക്കുന്നത്.  ചുണ്ണാമ്പ് കല്ലിനാൽ അടിത്തട്ട് രൂപപ്പെട്ട് ഉണ്ടാകുന്ന സ്ഥലം, കാർബണേറ്റ്, ഉപ്പ് ശേഖരം എന്നിവയാൽ രൂപം കൊണ്ട  പാളികൾ എന്നിവയൊക്കെ പെട്ടെന്ന് താഴ്ന്ന് പോയി ഇത്തരം ഗർത്തങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗൂഗിൾ ആശാൻ പറഞ്ഞു തന്നു.
ഗുഹാ മുഖം 


കൃത്യം 3.40  ആയപ്പോഴേക്കും പ്രസ്തുത സ്ഥലത്തെത്തിച്ചേർന്നു. കുറച്ചു വാഹനങ്ങൾ അങ്ങിങ്ങായി പാർക്ക് ചെയ്തിരിക്കുന്നു. എല്ലാവരും ഹോൾ സന്ദർശിക്കാനായി വന്നതാണ്. ഗുഹാ കവാടം ചെറുതായി തോന്നുമെങ്കിലും അകത്തേക്കെത്തിയാൽ അതിവിശാലമായതാണ്. ഏത് സമയത്തും ഇടിഞ്ഞ് വീഴുമെന്ന് തോന്നിക്കുന്ന ചുണ്ണാമ്പു പാറകളാൽ മേൽഭാഗവും മണലും ചുണ്ണാമ്പു കല്ലുമായി കുത്തനെയുള്ള ഇറക്കവുമായി താഴ്ഭാഗവും.... കേറുന്നതിനേക്കാൾ അപകട സാധ്യത കൂടുതലാണ് ഇറങ്ങുമ്പോൾ എന്ന് ഏതോ ഒരു ട്രക്കിങ് ആശാൻ പറഞ്ഞു കേട്ടിട്ടുണ്ട് 😜. അയാളെ മനസ്സിൽ ഒന്നു മിന്നിച്ച ശേഷം ഗുഹാ ചുമരുകളിലെ മനോഹരമായ ഫോർമേഷൻ നോക്കി വളരെ ശ്രദ്ധയോടെ താഴേക്കിറങ്ങാൻ തുടങ്ങി.

ദുർഘടം പിടിച്ച വഴികൾ താണ്ടുന്ന ഉണ്ണി 

മുസഫിർ സിങ്ക് ഹോൾ : അടിത്തട്ടിൽ നിന്നൊരു ദൃശ്യം 



ഗുഹാ കവാടത്തിൽ ചൂട് അസഹ്യമാണെങ്കിൽ താഴോട്ടിറങ്ങുമ്പോൾ ഉഷ്ണം കുറയുന്നതായി അനുഭവപ്പെടും. എല്ലാ ഭാഗവും സഞ്ചാര യോഗ്യമല്ലെന്നിരിക്കെ ഉള്ളവ തന്നെ ശ്രദ്ധയോടെ വേണം ഇറങ്ങാനും. നൂറ് മീറ്ററോളം താഴ്ചയുള്ള ഈ ഗർത്തം എത്രയോ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണെന്നാണ് അറിയപ്പെടുന്നത്. താഴ്ഭാഗത്തേക്ക് വരെ ഇറങ്ങി. ചുറ്റും വീക്ഷിച്ചു. അതിമനോഹരമായ ഫോർമേഷൻ, കല്ലുകൾ അടുക്കി വെച്ച പോലെ... പതിവ് പോലെ ഫോട്ടോ എടുക്കാൻ മറന്നില്ല. നൂറു മീറ്ററിനപ്പുറത്തേക്കും അഗാധമായ ഗർത്തമുണ്ടെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നതായി ഓൺലൈനിൽ തപ്പിയപ്പോൾ അറിയാൻ സാധിച്ചു.
















അല്പനേരവും കൂടി അവിടെ ചിലവിട്ട ശേഷം ഞാൻ തിരിച്ചു കയറാൻ തുടങ്ങി. കൂടുതൽ സമയം നിൽക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഏതു സമയത്തും ഇടിഞ്ഞു വീഴുമെന്ന് തോന്നുന്ന ഗുഹക്കുള്ളിൽ കൂടുതൽ സമയം എങ്ങനെ നിൽക്കാനാണ്. ഇറങ്ങിയതിനേക്കാൾ വേഗതയിൽ ഞാൻ കയറി. അൽപ്പം പോലും കുടി വെള്ളം കയ്യിൽ കരുതാത്തതിൽ സ്വയം വിമർശിച്ച് ചാഞ്ഞ വെയിലിൽ ഗുഹാ മുഖത്തിലൂടെ ഉലാത്തി.🏃🏃
ഇനി മുദലം ഗുഹയാണ് അടുത്ത സന്ദർശന സ്ഥലം. മാപ്പിൽ നോക്കിയപ്പോൾ ഗൂഗിൾ അമ്മാവൻ മുഖം തിരിച്ചു. മുദലം കേവ് ഗൂഗിളിൽ ഇല്ലത്രെ.... 😬😬😫
പരിചയമുള്ളവരോട് ചോദിക്കാമെന്നും കരുതി ഇറങ്ങിയപ്പോഴാണ് തൊട്ടടുത്ത ഫാമിൽ ഒരു ബംഗാളിയെ പ്പോലെ തോന്നിപ്പിക്കുന്ന ആൾ, അയാൾ കൂളറിൽ നിന്നും വെള്ളം ശേഖരിക്കുകയാണ്.  കാറിൽ നിന്നിറങ്ങി അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ഐഡിയയും ഇല്ല. പതിനഞ്ചു വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു എന്നും നിങ്ങൾ ഇക്കണ്ടതൊഴിച്ചാൽ വേറെ പരിസരത്തൊന്നും കാണാനില്ലെന്നു പറഞ്ഞു.
വല്ലാത്തൊരാഗ്രഹത്തോടെ മുദലം കേവ് കാണാൻ ഇറങ്ങിയിട്ടും അതവിടെ ഇല്ലെന്ന് കേട്ടപ്പോൾ നിരാശയായി 😢😢. waze  ആപ്പിൽ മുദലം കേവ് അധികം ദൂരമല്ലാത്ത സ്ഥലത്ത് ഉണ്ടെന്ന് കാണിച്ചപ്പോൾ അങ്ങോട്ടേക്ക് വണ്ടി തിരിച്ചു. പത്തിരുപത് മിനുട്ട് ഓടിയിട്ടെത്തിയ സ്ഥലം മാപ്പിൽ കാണിച്ച സ്ഥലവുമായി ഒരു ബന്ധവുമില്ലെന്നറിഞ്ഞത് എല്ലാവരിലും നിരാശ പടർത്തി 😭. 
സത്യത്തിൽ മുദലം കേവ് എവിടെ എന്നറിയുന്നവർ അറിയിക്കുമല്ലോ ല്ലോ ല്ലേ.... 😆😆
അതിമനോഹരമായ സൂര്യാസ്തമയം, ചെഞ്ചായമണിഞ്ഞ പടിഞ്ഞാറൻ ചക്രവാളം അതിമനോഹരമായ ദൃശ്യ വിസ്മയമൊരുക്കുന്നു.  ഇരുട്ടും മുമ്പേ കൂടെത്താനെന്ന വണ്ണം ഒരു പറ്റം ചെറുകിളികൾ ശബ്ദത്തോടെ പടിഞ്ഞാറോട്ട് ദ്രുത ഗതിയിൽ പറന്നു പോയി. ദൂരെ എങ്ങോ നിന്നും ബാങ്കൊലി മുഴങ്ങുന്നു. അക്ബർ സാബിർ വാഹനം പതുക്കെ ഓടിച്ചു തുടങ്ങിയത് ഞാനറിഞ്ഞത് വൈകിയാണ്.




സൽവ റോഡ് സൂര്യാസ്തമയ ശോഭയിൽ 

സഞ്ചാരികൾ

പ്രത്യേക പരിപാടികളൊന്നുമില്ലാതെ കഴിഞ്ഞു പോകുമായിരുന്ന ഒരു വെള്ളിയാഴ്ചയെ ഇത്രത്തോളം മനോഹരമാക്കിയ വ്യക്തികൾക്ക് മനസ്സിൽ നന്ദിയറിയിച്ചു ഞാൻ ചോദിച്ചു. എങ്ങനെയുണ്ട് നിങ്ങളുടെ അനുഭവം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു: കിടിലൻ, കിടിലോസ്‌കി

x

0 comments: